Saturday, 5 April 2014

The Health Benefits of Fenugreek

ഔഷധശക്തിയുള്ള ധാന്യങ്ങള്‍ നിരവധി ഉള്‍പ്പെടുത്തിയാണ്‌ പരമ്പരാഗതമായി നമ്മള്‍ ആഹാരം കഴിച്ചുപോന്നിരുന്നത്‌. ധാന്യവര്‍ഗത്തില്‍ വളരെ ശ്രേഷ്‌ഠമെന്ന്‌ ആയുര്‍വേദം വിശേഷിപ്പിക്കുന്നതാണ്‌ ഉലുവ. ഉലുവാ കഞ്ഞി തന്നെ ഒരു പ്രധാന ഭക്ഷണമായി മലയാളികള്‍ കഴിച്ചിരുന്നു.

നമുക്ക്‌ വരുന്ന അനവധി രോഗങ്ങളെ അകറ്റാന്‍ ഉലുവ നല്‍കുന്ന പ്രയോജനം മഹത്താണ്‌. ഉലുവ, ജീരകം എന്നിവ 1:2 എന്ന അനുപാതത്തില്‍ എടുത്ത്‌ അരച്ച്‌ മോരിന്‍ വെള്ളത്തില്‍ കലക്കിക്കുടിക്കുന്നത്‌ വയറ്‌കടി ശമിപ്പിക്കും. ഉലുവ വറുത്ത്‌ പൊടിച്ച്‌ തിളപ്പിച്ചാറിയ വെള്ളത്തില്‍ കഴിക്കുന്നതും ഇതേ പ്രയോജനം ചെയ്യും. അതു പോലെ വാതസംബന്ധമായ നീരിനും വേദനയ്‌ക്കും ഉലുവ, പാലിലോ തേങ്ങാപാലിലോ പുഴുങ്ങിയരച്ച്‌ സ്വല്‍പ്പം വെണ്ണ ചേര്‍ത്ത്‌ സേവിച്ചാല്‍ മതി. ഉലുവയരച്ച്‌ ചൂടാക്കി തണുപ്പിച്ച്‌ ലേപനം ചെയ്യുന്നത്‌ പൊള്ളലിന്‌ ഒരുത്തമ പ്രതിവിധിയാണ്‌. കാപ്പിയില്‍ അല്‌പം ഉലുവപ്പൊടിയും കൂടിയിട്ട്‌ ഉപയോഗിക്കുന്നത്‌ വാതരോഗങ്ങള്‍ ശമിപ്പിക്കും. കൈയുടെ ചലനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ ഉലുവ, ഉഴുന്ന്‌, എള്ള്‌ എന്നിവ പാലില്‍ പുഴുങ്ങി തേങ്ങാപ്പാല്‍ കൂട്ടിയരച്ച്‌ തേച്ചാല്‍ ഫലപ്രാപ്‌തി ഉറപ്പ്‌.

ഉലുവ പാലില്‍ പുഴുങ്ങി ഉണക്കിപ്പൊടിച്ച്‌ ഒരു സ്‌പൂണ്‍ വീതം രാത്രി കിടക്കാന്‍ നേരം സേവിച്ച്‌ പാല്‍ കുടിക്കുക. ഇപ്രകാരം ഒരു മാസം തുടര്‍ന്നാല്‍ ശരീരശക്തി നല്ലപോലെ വര്‍ദ്ധിക്കും. ഉലുവ പ്രധാനമായി ചേര്‍ത്തുണ്ടാക്കുന്ന പുളിങ്കറി വയറ്റിലെ എരിച്ചിലിനും, അജീര്‍ണ്ണത്തിനും വളരെ നല്ലതാണ്‌. നീരുകളിലും വീക്കങ്ങളിലും മറ്റും ഉലുവ അരച്ചുപുരട്ടിയാല്‍ നീര്‌ ചുരുങ്ങുകയും വറ്റി ഇല്ലാതാകുകയും ചെയ്യാറുണ്ട്‌.

കാപ്പിയുടേയും, ചായയുടേയും ദോഷങ്ങള്‍ അറിഞ്ഞിരുന്ന്‌ കൊണ്ട്‌ തന്നെ പതിവായി അതുപയോഗിക്കുന്ന ശീലമുള്ളവര്‍ക്ക്‌ പ്രകൃതി ചികില്‍സകരുടെ അമൂല്യ നിര്‍ദേശങ്ങളിലൊന്നാണ്‌ ഉലുവാക്കാപ്പി. കാപ്പിക്കുരുവിന്‌ പകരം ഉലുവ വറുത്ത്‌ കരിഞ്ഞു പോകാതെ വാങ്ങി ഇതിന്റെ കൂടെ സ്വല്‍പ്പം മല്ലിയും ചേര്‍ത്ത്‌ പൊടിച്ച്‌ ഉലുവാക്കാപ്പി ഉണ്ടാക്കി ഉപയോഗിക്കുന്നത്‌ ശരീരത്തിന്‌ ഒരു ഉത്തമ ടോണിക്കിന്റെ ഫലം ചെയ്യും. പഞ്ചസാരയ്‌ക്ക്‌ പകരം കരുപ്പട്ടി ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ ഉത്തമം. ഉലുവ കഴുകി ശുദ്ധമാക്കി വെയിലത്ത്‌ ഉണക്കി വറുത്ത്‌ നന്നായി പൊടിച്ചു, പൊടി ഒരു ടേബിള്‍ സ്‌പൂണ്‍ വീതം കാലത്തും രാത്രി കിടക്കാന്‍ നേരവും ചൂടുവെള്ളത്തിലോ, പാലിലോ കലര്‍ത്തി സേവിച്ചാല്‍ പ്രമേഹരോഗത്തിന്‌ അത്ഭുതകരമായ ശമനമുണ്ടാകുമെന്ന്‌ ആയൂര്‍വേദം അനുശാസിക്കുന്നു.

ഒരു പിടി ഉലുവ ശുദ്ധമാക്കി തലേദിവസം രാത്രി ശുദ്ധജലത്തിലിട്ട്‌ പ്രഭാതത്തില്‍ എടുത്ത്‌ നന്നായി അരച്ച്‌ അതിന്റെ കൂടെ 20ഗ്രാം ജീരകവും, 10ഗ്രാം കുരുമുളക്‌ പൊടിയും 5ഗ്രാം ഉപ്പു പൊടിയും ചേര്‍ത്ത്‌ 15ഗ്രാം കറിവേപ്പില പൊടിയായി അരിഞ്ഞതും കൂട്ടിച്ചേര്‍ത്ത്‌ നന്നായി ഇളക്കി ചെറിയ വടകളാക്കി രൂപപ്പെടുത്തി വെയിലത്തു വച്ച്‌ നന്നായി ഉണക്കിയെടുത്ത്‌ സൂക്ഷിക്കുക. ഇതില്‍ നിന്ന്‌ ഒരു വടയെടുത്ത്‌ നെയ്യില്‍ വറുത്ത്‌ ഭക്ഷിക്കുക. കുടുംബത്തിന്റെ ആരോഗ്യത്തിന്‌ ഈ ചേരുവ അത്യുത്തമമാണ്‌. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിച്ച്‌ രോഗം വരാതെ സംരക്ഷിക്കുകയും സര്‍വ്വോപരി ഓജസ്സിനെയും കായിക ശേഷിയേയും പ്രദാനം ചെയ്യുന്നതാണ്‌ ഈ ഔഷധക്കൂട്ട്‌.

No comments:

Post a Comment